Wednesday, January 12, 2011

ചരിത്രത്തിന്റെ കറുത്ത സത്യങ്ങളിലൂടെ

വർഷം 1884
തിരുവിതാംകൂറുകാരനായ പൽപ്പു എന്ന യുവാവ് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ഇന്നത്തെ എം.ബി.ബി.എസിന് തുല്ല്യമായ ബിരുദം നേടുന്നു.തിരിച്ച് നാട്ടിൽ വന്ന് ജോലിക്കപേക്ഷിക്കുന്നു. എന്നാൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുന്നു.തിരുവിതാംകൂർ രാജാവും പരിവാരങ്ങളും അസ്വസ്ഥരാവുന്നു.തസ്തികകൾ ഇല്ലാത്തതല്ല പ്രശ്നം, ഈഴവന് എങ്ങനെ ജോലിനൽകും എന്നതായിരുന്നു അവർ നേരിട്ട പ്രതിസന്ധി.അവസാനം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ മഹാരാജാവ് ഒരു പാനലിനെ നിയമിച്ചു.അതിന്റെ ചെയർമാൻ ആയിരുന്നു ഉള്ളൂർ എസ് പരമേശ്വരഅയ്യർ എന്ന മഹാകവി.പ്രശ്നം പഠിച്ച് മഹാകവി പ്രഖ്യാപിച്ചു."ഈഴവൻ കള്ള് ചെത്തി നടന്നാൽ മതി അവൻ ഡോക്ടർ ആകേണ്ട."നമ്മൾ പാഠപുസ്തകങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഈ മഹാകവിയുടെ വാക്കുകൾ രാജകല്പനയായി നിലവിൽ വന്നപ്പോൾ നാട്ടിൽ ഒരു ജോലി എന്ന ആശ ഉപേക്ഷിച്ച് പല്പു മൈസൂരിലേക്ക് വണ്ടികയറി.
നമ്മുടെഅധികാരഘടനയിൽ ജാതിക്കുള്ളപങ്ക് സമ്പത്തിനേക്കാൾ മുകളിലാണ് എന്നുള്ളതാണ് ഇതിലൂടെ മനസിലാക്കേണ്ടത്

പിന്നീട് തിരുവിതാകൂർ ഗവൺമേന്റ് നിലവിലുള്ള
ഉദ്യോഗസ്ഥരുടെ പ്രാധിനിത്യം ജാതി തിരിച്ചുള്ള ഒരു ലിസ്റ്റ് പുറത്തുവിട്ടു.അത് ഇപ്രകാരമായിരുന്നു.നായർ8% ,ക്രിസ്ത്യാനി 7%,പരദേശി സ്വദേശി ബ്രാഹ്മണർ 80% മുസ്ലീം5%,ഈഴവർ 0% ,പട്ടികജാതി പട്ടികവർഗ്ഗം 0% ഈ ഘടനയെ ചോദ്യം ചെയ്ത് പ്രാധിനിത്യ കുറവുള്ള നായർ വിഭാഗം മുതൽ ഒട്ടും പ്രാതിനിത്യമില്ലാത്ത ഈഴവവിഭാഗത്തെ വരെ ചേർത്ത് മലയാളി മെമ്മോറിയൽ എന്ന പേരിൽ 10000 പേർ ഒപ്പിട്ട ഒരു ഭീമഹർജി രാജാവിന് സമർപ്പിക്കുകയുണ്ടായി,അതിൽ മുഖ്യമായും പറഞ്ഞത് ഈ വിഭാഗങ്ങളിൽ വിദ്യാഭ്യാസമുള്ളവരെ സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു എന്നാൽ ഉദ്യോഗത്തിന്റെ ഗുണനിലവാരം തകരുമെന്ന് പറഞ്ഞ് ദിവാൻ ആ റിപ്പോർട്ട് തള്ളി.എന്നാൽ സമ്മർദ്ദം ശക്തമായപ്പോൾ രാജാവിന് ഒടുവിൽ അതിനായി വഴങ്ങേണ്ടി വന്നു.അങ്ങനെ 28% സ്പെഷൽ റിക്രൂട്ട് മെന്റ് നടത്താൻ തീരുമാനിച്ചു.എന്നാൽ റിക്രൂട്ട്മെന്റ് നടന്നപ്പോൾ നായർ വിഭാഗം അത് ഹൈജാക്ക് ചെയ്തുകൊണ്ട് എല്ലാം സ്വന്തമാക്കി.മലയാളി മെമ്മോറിയലിൽ അംഗമായിരുന്ന മറ്റു വിഭാഗങ്ങളെ എല്ലാവരേയും അതിൽ നിന്നും ചവിട്ടി പുറത്താക്കി.അങ്ങനെ 93% ഉദ്യോഗങ്ങളും സവർണ്ണ മേധാവിത്തത്തിൽ തന്നെ ഇന്ത്യൻ റിപ്പബ്ലിക്ക് നിലവിൽ വരുന്നത് വരെ ഒരു കോട്ടവുംവരാതെ നിലനിന്നു അഥവാ നിലനിർത്തി.
റിപ്പബ്ലിക്കിനുശേഷം സംവരണം ഒരു ഭരണഘടനാ അവകാശമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ തസ്തികകളിലേക്ക് കടന്ന് കയറാൻ ഒരവസരം അവർണർക്ക് ലഭിക്കുകയുണ്ടായി.എന്നാൽ ഭരണഘടനാഅവകാശമായി സം‍വരണം നിലനിന്നപ്പോഴും അത് നിയന്ത്രിച്ചിരുന്നത് ജീർണ്ണമായ സവർണ്ണ വിഭാഗമായിരുന്നതിനാൽ നിയമനങ്ങളിൽ സുതാര്യത വരുത്താൻ കഴിഞ്ഞിരുന്നില്ല.അങ്ങനെ വർഷം 1979 ൽ അന്ന് അധികാരത്തിലുണ്ടായിരുന്ന(ജനതാപാർട്ടി)പ്രധാനമന്ത്രി മൊറാർജി ദേശായ് പാർലമെന്റ് അംഗമായിരുന്ന ബിന്ദേശ്വരി മണ്ഡലിന്റെ നേത്രുത്ത്വത്തിൽ മൊത്തം പിന്നോക്ക വിഭാഗങ്ങളുടേയും പട്ടികജാതി പട്ടികവർഗ്ഗത്തിന്റെയും അവസ്ഥ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു.ഒരു വർഷത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷം മണ്ഡൽ കമ്മീഷൻ തെളിവുകൾ പൂർത്തിയാക്കി,
1980 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചു.സ്വാതന്ത്ര്യം ലഭിച്ച് 32വർഷം കഴിഞ്ഞിട്ടും നിലവിലുള്ള സം‍വരണ
വ്യവസ്ഥയിലൂടെയല്ലാതെ അവർണ്ണ വിഭാഗങ്ങൾക്ക് ഉദ്യോഗങ്ങളിൽ കയറാൻ സാധിച്ചിട്ടില്ലെന്നും മാത്രവുമല്ല ആ വിഭാഗങ്ങളിലെ മെറിറ്റിലൂടെ കയറാൻ യോഗ്യതയുള്ളവരെ സം‍വരണത്തിന്റെ ലിസ്റ്റിലൂടെ മാത്രമെ കയറ്റിയിട്ടുള്ളൂവെന്നും,ഇത് നിയന്ത്രിക്കുന്ന സവർണ്ണ ലോഭികൾ അതിദയനീയമായി പലതും അട്ടിമറിക്കുന്നുണ്ടെന്നും കമ്മീഷൻ കണ്ടെത്തുകയുണ്ടായി.അതു പ്രകാരം ജനസംഖ്യയുടെ 80% മുള്ള പിന്നോക്ക ദളിത് വിഭാഗങ്ങളുടെ നിലവിലുള്ള സം‍വരണതോതായ 27% ത്തിൽ നിന്നും 49.5% മായി ഉയർത്തണമെന്നുമായിരുന്നു അതിലെ മുഖ്യമായ നിർദ്ദേശം.എന്നാൽ ഈ റിപ്പോർട്ട് ഇന്ദിരാഗാന്ധി സർക്കാർ പൂഴ്ത്തിവച്ചു.നീണ്ട പത്തു വർഷത്തിനു ശേഷം ജനതാദൾ ഗവർമെന്റ് 1989 ൽ വി പി സിങിന്റെ നേത്രുത്ത്വത്തിൽ അധികാരത്തിൽ കയറിയപ്പോൾ ആ റിപ്പോർട്ട് വീണ്ടും പൊടിതട്ടിയെടുത്തു നടപ്പാക്കാൻ മുന്നോട്ട് വരികയുണ്ടായി അപ്പോഴാണ് സം‍വരണവിരുദ്ധരുടെ അതിദയനീയമായ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചത്.എല്ലാ ദേശീയപത്രങ്ങളും അതാഘോഷമാക്കിമാറ്റി, കുൽദീപ് നയ്യാർ,പ്രഫുൽ ബിദ്വായ് തുടങ്ങിയവർ  മാത്രമാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം എന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്.എന്നുമാത്രമല്ല ബിജെപി യുടെ സവർണ്ണതയുടെ തനിനിറം അപ്പോൾ പുറത്തുവരികയും ചെയ്തു. അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നതും വി.പി സിങ് ഗവർമേന്റിനെ അട്ടിമറിക്കപ്പെടുന്നതും പിന്നീട് നാം കണ്ടു.കേരളത്തിൽ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സം‍വരണം എടുത്തു കളയണമെന്നാവശ്യപ്പെട്ട് ഭരണഘടന രൂപം കൊണ്ട കാലം മുതൽക്കേ വാളെടുത്തുകൊണ്ടിരിക്കുന്ന സംഘടനയാണ് എൻ.എസ്.എസ് പക്ഷെ അതിനിടയിൽ നടന്ന ചില തമാശകളിലേക്കും നമുക്ക് പോകേണ്ടതുണ്ട്.
1965ൽ അന്നത്തെ കേരളാ സർക്കാർ 15 ലക്ഷം രൂപ ദേവസ്വം ബോർഡിന് നൽകാൻ തീരുമാനിക്കുന്നു.ഈ അറിയിപ്പ് പുറത്ത് വരേണ്ട താമസം ക്രിസ്ത്യൻ പാതിരിമാർ ആ ഉത്തരവിനെതിരെ രംഗത്തെത്തി.അവർ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി.അപ്പോൾ സർക്കാർ ആ പ്രഖ്യാപനത്തെ മരവിപ്പിച്ചു. പക്ഷെ ദേവസ്വം ബോർഡ് എന്നത് നായർ ബോർഡ് എന്നുള്ളതു കൊണ്ടും ദേവസ്വം മന്ത്രി എന്നത് ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും നായർക്ക് അപ്രഖ്യാപിത സം‍വരണം നൽകപ്പെട്ടിട്ടുള്ളതു കൊണ്ടും എൻ.എസ്.എസ് ആചാര്യൻ സാക്ഷാൽ മന്നത്ത് പല്പനാഭൻ തന്നെ വിമോചന സമരകാലത്ത് തന്റെ കൈകൾ മുത്തി പ്രോത്സാഹിപ്പിച്ച പാതിരിമാർക്കെതിരെ രംഗത്തെത്തി.എന്നാൽ ശക്തി പോരെന്നു തോന്നിയ മന്നം അർ.ശങ്കറെ (എസ് എൻ ഡി പി) സമീപിച്ചു ഹിന്ദുക്കൾ ഒന്നിക്കണമെന്നുള്ള മന്നത്തിന്റെ ഫോർമുലയിൽ ഹിന്ദുമുന്നണി രൂപം കൊണ്ടു.അങ്ങനെ ദേവസ്വംബോഡിന് സർക്കാർ പ്രഖ്യാപിക്കുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്ത ആ ഫണ്ട് ലഭ്യമാക്കാൻ ഹിന്ദുമുന്നണി പ്രക്ഷോഭം ആരംഭിക്കുകയും ആ ഫണ്ട് ദേവസ്വം ബോഡിന് നൽകാൻ സർക്കാർ നിർബന്ധിതമാവുകയും ചെയ്തു.അതോടെ ഹിന്ദുമുന്നണിയുടെ ആദ്യഘട്ടം അവരുടെ ലക്ഷ്യത്തിലെത്തി.പിന്നീടാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത് വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർ.ശങ്കർ തീരുമാനിക്കുന്നു അതും മന്നത്തിന്റെ ശക്തമായ കോട്ടയായ കൊട്ടാരക്കരയിൽ.സഹായ അഭ്യർത്തനയുമായ് ആർ.ശങ്കർ മന്നത്തിന്റെ അരികിലെത്തി,അപ്പോൾ മന്നത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നത്രേ പാളത്തൊപ്പിക്കാരനൊന്നും ഞങ്ങൾ വോട്ട് ചെയ്യില്ല.അപ്പോൾ ഹിന്ദുമുന്നണി..? എന്ന ചോദ്യത്തിന് രസകരമായ ഒരു മറുപടിയും കൊടുത്തു ഞങ്ങൾ അങ്ങിനെ പലതും തന്ത്രങ്ങളായി ഉപയോഗിക്കും.അതോടുകൂടി ഹിന്ദുമുന്നണിയുടെ കാറ്റ് പോയി..ആർ.ശങ്കർ തിരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടി മൂന്നാംസ്ഥാനത്തേക്ക് വലിച്ചെറിയപ്പെട്ടു. ഉപകാരസ്മരണയുടെ ധ്രിതരാഷ്ട്രാലിംഗനത്താൽ ഏറ്റ പരിക്കുകളുമായി അങ്ങനെ അർ.ശങ്കർ എവിടെയൊ മറഞ്ഞു.അതോടെ ആ തമാശ അവിടെ അവസാനിച്ചു.

എൻ.എസ്.എസിന്റെ സം‍വരണ വിരുദ്ധ സമദൂരസിദ്ധാന്തങ്ങൾ കേരളത്തിലെ ഇരു മുന്നണികൾക്കു മുന്നിലും സമ്മർദ്ദശക്തിയായി
നിലകൊണ്ടപ്പോൾ വർഷം 2000 ത്തിൽ അന്ന് കേരളം ഭരിച്ചിരുന്ന നായനാർ സർക്കാർ
നിലവിലെ സംവരണവ്യവസ്ഥിയിലൂടെ പിന്നോക്കവിഭാഗങ്ങൾക്ക് എത്രമാത്രം പ്രാധിനിത്യം നേടാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അന്വേഷിക്കാൻ റിട്ടേഡ് ജസ്റ്റിസ് കെ.കെ നരേന്ദ്രൻ ചെയർമാനായും റ്റി.എം.സാവൻകുട്ടി,കെ.വി.രവീന്ദ്രൻ നായർ എന്നിവർ മെമ്പർമാരായും ഒരു കമ്മീഷനെ നിയമിച്ചു.ഒരു വർഷത്തിനു ശേഷം അവർ റിപ്പോർട്ടും സമർപ്പിച്ചു.ആ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.സംസ്ഥാന ജനസംഖ്യയിലെ 68% മായ പിന്നോക്കക്കാർക്ക് നിശ്ചയിക്കപ്പെട്ട അവരുടെ സം‍വരണ ക്വോട്ടകളിൽ തന്നെ 17525 തസ്തികകളുടെ കുറവ് കണ്ടെത്തുകയുണ്ടായി.അതിന്റെ വിശദീകരിച്ചുള്ള
ഓരോ വിഭഗാത്തിലും വന്നിട്ടുള്ള കുറവുകൾ ഇപ്രകാരമാണ്. മുസ്ലിം--7383, ലത്തീൻ കത്തോലിക്ക--4370, നാടാർ--2614, ദളിത്ക്രിസ്ത്യാനികൾ--2290, ധീവരർ--256, മറ്റുള്ളവർ --460 , വിശ്വകർമ്മ --147 , ഈഴവർ--5.മൊത്തം --17525. റിപ്പോർട്ട് പുറത്ത് വന്നപ്പോൾ പലരും ആ കുറവുകൾ സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ടു.പതിവു തെറ്റിക്കാതെ എൻ.എസ്.എസ് വാളും പരിചയുമെടുത്ത് ആ അഭിപ്രായങ്ങളെ പ്രതിരോധിക്കാനിറങ്ങി,അതായത് ഒരു കാലഘട്ടത്തിൽ സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ പ്രാധിനിത്യം ലഭിച്ചവർ തന്നെ പിന്നീട് മറ്റുവിഭാഗങ്ങൾക്കെതിരെ അതേ റിക്രൂട്ട്മെന്റി നെതിരെ രംഗത്ത് വന്നത് ചരിത്രത്തിന്റെ മറ്റൊരു തമാശ. കൂട്ടിന് നടേശൻ മുതലാളിയേയും കിട്ടി കാരണം ഈഴവ വിഭാത്തിന് നേരിയ കുറവ് മാത്രമെ നരേന്ദ്രൻ കമീഷൻ കണ്ടെത്തിയിരുന്നുവുള്ളുവല്ലോ.അതോടെ ഒരിക്കൽ കൂടി ഒരിക്കൽ കൂടി നായർ ഈഴവ ഐക്യം അതായത് “നാചോ” സഖ്യം നിലവിൽ വന്നു.പണിക്കരു മാമനും നടേശൻ മുതലാളിയും അയിത്തം മറന്ന് കൈ കോർത്തു.അങ്ങനെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും “നാചോ“ സഖ്യം സമർദ്ദത്തിലാക്കി.ചിലർ തലയിൽ മുണ്ടിട്ടും,ചിലർ ക്യാമറക്കു മുൻപിൽ തെളിവ് സമർപ്പിച്ചും ഇടത് വലത് പ്രതിനിധികൾ ചങ്ങനാശ്ശേരിയിലെ പെരുന്നയിലേക്കൊഴുകി.അവസാനം ബിജെപി യുടെ വർഗീയകാർഡും രംഗത്തെത്തി.കാരണം
മുസ്ലീങ്ങൾക്കും ലത്തീൻകത്തോലിക്കർക്കും ദളിത്ക്രിസ്ത്യാനിക്കും ആണല്ലോ കമ്മീഷന്റെ അഭിപ്രായപ്രകാരം ധാരളം നിയമനങ്ങൾ ബാക്കിയുള്ളത് അവർക്ക് പ്രത്യേകനിയമനം നടത്താൻ ശ്രമിക്കുക എന്നത് ബിജെപിക്ക് സഹിക്കാൻ കഴിയില്ലല്ലൊ.അങ്ങനെ അവരും ‘നാചോ‘സഖ്യത്തിന് പിന്തുണപ്രഖ്യാപിച്ചു.കപട രാജ്യസ്നേഹികളും മനുവാദികളും പ്രശ്ചന്ന മനുവാദികളും പിന്നോക്കക്കാരൻ അധികാരത്തിൽ കയറുമ്പോൾ രാജ്യത്തിന് സംഭവിക്കുന്ന ദുരന്തമോർത്ത് വാചാലരായി.അവസാനം എം.ഐ.ഷാനവസിന്റെ ഒത്തു തീർപ്പ് ഫോർമുലയിലൂടെ ആ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു. എല്ലാം അവസാനിച്ചപ്പോൾ പണിക്കരു മാമനും കൂട്ടർക്കും അയിത്തെക്കുറിച്ചുള്ള ചിന്ത തലപൊക്കി.നടേശൻ മുതലാളിയേയും കൂട്ടരേയും തൊട്ടപ്പോൾ ഉണ്ടായ അയിത്തം മാറ്റാൻ ശുദ്ധ ബ്രാഹ്മണനെക്കൊണ്ട് ശുദ്ധികലശം ചെയ്ത് പുണ്യാഹം തെളിച്ചു ശുദ്ധിവരുത്തിയശേഷം അസിസ്റ്റന്റ് സെക്രട്ടറിയായ സുകുമാരൻ നായർ പ്രഖ്യാപിച്ചു,ഞങ്ങളുടെ നിയന്ത്രണത്തിലുള്ള അമ്പലങ്ങളിൽ അവർണ്ണനെ പൂജാരിയാക്കാൻ അനുവദിക്കില്ല.എന്നു വച്ചാൽ നടേശൻമുതലാളീ വണ്ടി വിട്ടോ. അങ്ങനെ പഴയ ഹിന്ദു മുന്നണിയുടെ ഗതി പോലെ “നാചോ“ സഖ്യത്തിന്റെ കാറ്റും പോയി.പെരുന്നയിൽ നിന്നും പുണ്യാഹം തെളിച്ച് പടിയിറക്കപ്പെട്ട
നടേശൻ മുതലാളി അവസാനം ചേർത്തലക്ക് വണ്ടി കയറി..

കേരളത്തിൽ 32% മാത്രമാണ് സർക്കാർ മേഖലയിൽ പിന്നോക്ക വിഭാഗങ്ങളുടെ പ്രാധിനിത്യം ഉള്ളൂവെന്ന് കണ്ടെത്തുമ്പോൾ രാജ്യത്തിന്റെമൊത്തത്തിലുള്ള അവസ്ഥ ഇതിനേക്കാൾ ഭീകരമാണ് എന്നതാണ് വസ്തുത.രാജ്യത്തെ മൊത്തം പിന്നോക്ക,പട്ടികജാതി ,പട്ടികവർഗ്ഗം 78% ആണ് ജനസംഖ്യാപരമായി വിലയിരുത്തിയാൽ ഏകദേശം 90 കോടിയോളം വരും അവരുടെ സർക്കാർ പ്രാതിനിത്യം വെറും 20% അതായത് 22%വരുന്ന മുന്നോക്കവിഭാഗമാണ് 80% ത്തോളം വരുന്ന തസ്തികകൾ കയ്യടക്കിവെച്ചിരിക്കുന്നത് എന്നാണ് സത്യം.78% വരുന്നവരുടെ നികുതിപ്പണം ഒരു ഉളുപ്പുമില്ലാതെ കൊള്ളയടിക്കുന്നവരുടെയും അവർക്ക് കൂട്ട് നിൽക്കുന്ന സവർണ്ണദല്ലാൾ ഭരണകൂടത്തെയുമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്.ഇവർക്ക് കുഴലൂതുകയോ അതോ സ്വന്തം വർഗ്ഗത്തിന്റെ സംരക്ഷണത്തിനിറങ്ങുകയോ ആണ് രമ്യയും മറ്റു തമ്പുരാക്കന്മാരും ചെയ്യുന്നത്.
നിസാരമായി ഒരു കാര്യം ചോദിക്കട്ടെ
ബസ്സിൽ രമ്യ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്ക് സം‍വരണം ചെയ്യപ്പെട്ട സീറ്റ് പുരുഷന്മാർ കയ്യടക്കി വെച്ചിട്ടുണ്ടെങ്കിൽ എന്താണ് നിലപാടെടുക്കുക..അതുപോലെ ഇതിൽ പ്രതികരിച്ച തമ്പുരാക്കന്മാരുടെ ഭാര്യയോ സഹോദരിയോ അമ്മയോ യാത്രചെയ്യുമ്പോൾ അവർക്കവകാശപ്പെട്ട സീറ്റുകൾ പുരുഷന്മാർ കയ്യടക്കിയാൽ നിങ്ങൾ പ്രതികരിക്കില്ലേ..സമ്പന്നനായ മുകേഷ് അമ്പാനിയുടെ ഭാര്യ പൊതുവാഹനത്തിൽ യാത്രചെയ്യുകയാണെങ്കിൽ അവർക്കും സ്ത്രീകളുടെ സീറ്റ് തന്നെ ആശ്രയിക്കേണ്ടിവരും എന്നതാണ് യാഥാർത്യം.ജനിതകപരമായി സ്ത്രീയും പുരുഷനും നിസാര വ്യത്യാസമേയുള്ളൂ സാമൂഹികപരമായ അകലം വളരെ വലുതാണെന്നു മാത്രം ഉത്പാദന മേഖലയിലും വിതരണ മേഖലയിലും പുരുഷൻ നേടിയിട്ടുള്ള അധികാരത്തിന്റെ മേധാവിത്തമാണ് ഇത് നിയന്ത്രിക്കപ്പെടുന്നത് എന്നതാണ് വാസ്തവം. ഒരേ കുടുംബത്തിലെ സ്ത്രീയും പുരുഷനും പരസ്പരം ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോൾതന്നെ അവരുടെ സാമൂഹിക പരമായി മുന്നേറ്റത്തെ നിയന്ത്രിക്കുന്ന ഘടകം അവർക്ക് മുകളിലോ അവരാൽ നിയന്ത്രിക്കുന്നഘടകം അവർക്ക് താഴേത്തട്ടിലൊ നമുക്ക് കാണാൻ കഴിയുന്നതാണ്..ഇത്തരത്തിലുള്ള അവസ്ഥയിൽ സാമൂഹികപരമായി പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാനുള്ള ചെറിയൊരുമാർഗ്ഗം എന്ന രീതിയിൽ മാത്രമെ സം‍വരണത്തെ കാണേണ്ടതുള്ളൂ.നിലവിലുള്ള ഭരണ വ്യവസ്തിതിയേയും അനുബന്ധപോഷക ഘടകങ്ങൾക്കുമെതിരെ വാതോരാതെ വിമർശിക്കുന്നവർ തന്നെ സം‍വരണത്തിന്റെ വിഷയം വന്നപ്പോൾ അവരെല്ലാം മറുകണ്ടം ചാടിയതാണ് രസകരമായ കാര്യം,അപ്പോൾ അവർക്ക് ഈ വ്യവസ്തിതിയെല്ലാം നല്ലതായി മാറി അതുകൊണ്ടാണല്ലോ സം‍വരണക്കാരൻ ഇതിൽ കയറിയാൽ വകുപ്പുകളുടേയും ഉദ്യോഗങ്ങളുടേയും ഗുണം നഷ്ടപ്പെടുമെന്നവർ ആശങ്കപ്പെടുന്നത്.നിങ്ങൾ എന്താണ് സം‍വരണത്തെക്കുറിച്ച് മനസിലാക്കിയിട്ടുള്ളത്,ഒരു വിദ്യാഭ്യാസവുമില്ലാത്ത ഏതെങ്കിലും പിന്നോക്ക ദളിത് വിഭാഗത്തിന്റെ പ്രതിനിതിയെ കണ്ടെത്തി ഐ.എസ്.ആർ.ഒ.യുടെയോ എ.ഐ.ഐ.എം.എസിന്റേയോ ചെയർമാൻ അക്കുന്നതാണ് സം‍വരണം എന്നാണോ നിങ്ങൾ ധരിച്ച് വച്ചിട്ടുള്ളത്.പ്രശസ്ത ഇന്ത്യോ-അമേരിക്കൻ ഹോസ്പിറ്റലിന്റെ ചെയർമാൻ ഡോക്ടർ ബാഹുലേയന്റെയോ ഐ.എം.എ യുടെ പ്രസിഡണ്ടായിരുന്ന ഡോക്ടർ മുഹമ്മദലിയുടേയോ പ്രശസ്ത ന്യൂറോ സർജനായ ഫസൽ ഗഫൂറിന്റേയോ വിദ്യാഭ്യാസത്തിന്റെ രേഖകൾ പരിശോദിച്ചാൽ അവർ എല്ലാ മേഖലകളിലും ഒന്നാം റാങ്ക്കാരയിരുന്നു.എന്നാൽ അവർക്ക് വിദ്യാഭാസപരമായും തൊഴിൽ പരമായും പ്രവേശനം ലഭിച്ചതോ സം‍വരണത്തിലൂടെ മാത്രം.എന്റെ സ്കൂൾ പഠനകാലത്ത് ഞാൻ പഠിച്ചിരുന്ന സ്കൂളിൽ നിന്നും പഞ്ചായത്ത് തലത്തിലും ഏറ്റവും കൂടുതൽ മാർക്ക് നേടി പാസായ രാജൻ എന്ന ദളിത് വിദ്യാർത്ഥിക്കും സം‍വരണക്വോട്ടതന്നെയാണ് ആശ്രയിക്കേണ്ടിവന്നത്.അതായത് ജനറൽ ക്വോട്ടയിൽ പ്രവേശനം ലഭിക്കാൻ യോഗ്യതയുള്ളവർപ്പോലും സം‍വരണത്തേയാണ് ആശ്രയിക്കേണ്ടി വരുന്നത് എന്നതാണ് യാഥാർത്യം.അത്ര ശക്തമാണ് ഇതിനെ നിയന്ത്രിക്കുന്ന സവർണ്ണ ദലാൽ ഭരണകൂടം.പാർലമെന്റ്,അസംബ്ലി,പഞ്ചായത്ത് തുടങ്ങിയ ഭരണ മേഖലകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ പട്ടികജാതി വിഭാഗങ്ങൾക്ക് 10% സീറ്റ് സം‍വരണം ചെയ്യപ്പെട്ടിട്ടുണ്ട് കോൺഗ്രസ്സിന്റെ ഡോക്ടർ കുട്ടപ്പൻ മുതൽ ഇപ്പോഴത്തെ നിയമസഭാസ്പീക്കർ രാധാക്രിഷ്ണൻ,പാർലമെന്റ് അംഗം ബിജു(ആലത്തൂർ) ഇവരെല്ലാം നിയമസഭയോ പാർലമെന്റോ കണ്ടിട്ടുള്ളത് സം‍വരണത്തിലൂടെ മാത്രമാണ്.എന്താ ഇവർക്കൊന്നും കോളിറ്റിയില്ലേ,കുട്ടപ്പൻ ഡോക്ടറാണ്,ബിജുവും രാധാക്രിഷ്ണനും ബിരുദാനന്തരബിരുദവും നേടിയവരും,ഇവർക്ക് ഇവർ പ്രധിനിതീകരിക്കുന്ന രാഷ്ടീയപ്പാർട്ടികൾ ജനറൽ സീറ്റ് കൊടുത്തിട്ടുണ്ടോ.ഇല്ലേ.. ഇല്ല എന്നാണ് ഇതിനുത്തരം. ഇന്നേവരെ അവർക്ക് നൽകിയതും ഇനി നൽകാൻ പോകുന്നതും സം‍വരണ സീറ്റ് മാത്രമാണ്.അപ്പോൾ ആ സം‍വരണം കൂടി എടുത്ത് കളഞ്ഞാൽ ഈ മേഖലകളിൽ അവരുടെ സ്ഥാനം വട്ട പൂജ്യം ആയിരിക്കുമെന്നതിന് അധികം പഠനത്തിന്റെയൊന്നും ആവശ്യമൊന്നുമില്ല.അവരെ എങ്ങനേയും ചവിട്ടി പുറത്താക്കുക എന്നുള്ളത് തന്നെയാണ് പുരോഗമനത്തിന്റെ മുഖം മൂടിയിട്ട മനുവാദികളുടെ ലക്ഷ്യം.കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ഘടനയിൽ പരിമിതമായെങ്കിലും മാറ്റം വരുത്തിയത് എഴുപതുകളിൽ തുടക്കം കുറിച്ച ഗൾഫിലേക്കുള്ള പ്രവാസ ജീവിതമായിരുന്നു.കള്ളലോഞ്ച് കയറി ഫത്തേമാരികളിലൂടേയും അതിസാഹസികമായി യാത്രചെയ്ത് പട്ടിണിയും ലൈഗികതയും മറ്റ് കുടുംബബന്ധങ്ങളും മാനസികമായി അടിച്ചമർത്തി അദ്ധ്വാനത്തിന്റെ വിയർപ്പ് ചാലുകൾ കേരളത്തിലേക്ക് ഒഴുക്കിയപ്പോൾ അവന്റെ സ്വകാര്യസമ്പത്ത് മാത്രമല്ല വളർന്നത് മൊത്തം കേരളത്തിന്റെ ഘടനതന്നെ പൊളിച്ചഴുതുകയായിരുന്നു.ബന്യാമിന്റെ ആടുജീവിതം ബാക്കിയാകാതെ വരും അവന്റെ യഥാർത്ത അനുഭവങ്ങൾക്ക് മുന്നിൽ.എന്നാൽ മലയാളത്തിന്റെ മുഖ്യധാര കയ്യാളുന്ന സവർണ്ണ ലോകം അവനെ കോമളിയാക്കി കൊള്ളയടിക്കുകയായിരുന്നു മലയാള സാഹിത്യ ലോകവും സിനിമാലോകവും എം.ടി യേപ്പോലെ നാലുകെട്ടുകളിലും കപടമായ ഒറ്റപ്പാലം അലങ്കാരങ്ങളിലും മലയാള സർഗ്ഗാത്മക ചിന്താമണ്ഡലത്തെ തളച്ചിട്ട് വില്പനചരക്കാക്കിയപ്പോൽ അത് വിറ്റഴിക്കപ്പെട്ടതും ഗൾഫ് മലയാളിയുടെ അദ്ധ്വാനം പങ്ക് പറ്റികൊണ്ടായിരുന്നു.മലയാളസിനിമയിലെ മുഖ്യധാര മുതൽ അടൂർ ഗോപാലക്രിഷ്ണൻവരെ (അടൂരിന്റെ പുരുഷാർഥം കാണുക) ഗൾഫ് മലയാളികളെ അവഹേളിച്ചിട്ടേയുള്ളൂ. മണ്ടത്തരം മാത്രം പറയുന്ന പുഷ്കരനോ മണവാളനോ ആണ് ഇന്ന് മലയാള സിനിമയിൽ പ്രവാസ മലയാളിയുടെ സ്ഥാനം,അതുപോലെതന്നെ പലകേരളീയ കുടുംബങ്ങളുടേയും ഘടനയിൽ മാറ്റം വരുത്തിയ പ്രവാസി മലയാളി നേഴ്സ്മാർ, പട്ടു സാരിയുടുത്ത് നിലവിളക്ക് കൊളുത്തുന്ന മലയാളി മങ്കയല്ല പല കുടുബങ്ങളിലേയും പുരുഷമേധാവിത്തത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയത്,തൊഴിലിന്റെ മാന്യതയുടെ വസ്ത്രം ധരിച്ച മലയാളി നേഴ്സുമാർതന്നെയാണ്.എന്നാൽ അവരുടെ സ്ഥാനം പൊങ്ങച്ചത്തിന്റെയോ,ദുർനടത്തിപ്പിന്റെയോ രൂപങ്ങളായി കേരളലോകം ആഘോഷിക്കുമ്പോൾ മറ്റുള്ളവരെ കോമളിയുടേയോ ഭീകരതയുടേയോ മുഖങ്ങളായും ആഘോഷിക്കുന്നു,സം‍വരണത്തെക്കുറിച്ചുള്ള വിശദീകരണത്തിൽ പ്രവാസലോകത്തെയും ഉൾപ്പെടുത്തിയത് നിലവിലുള്ള സം‍വരണ വിഭാഗങ്ങളിൽ പെട്ട മുസ്ലീം, ഈഴവ,തിയ്യ വിഭാഗങ്ങൾ ആയിരുന്നു പ്രവാസലോകത്തിന്റെ ഈ സാഹസികതക്ക് ആദ്യം ഇറങ്ങിതിരിച്ചത് എന്നുള്ളത് കൊണ്ടാണ്,അതുപോലെതന്നെ ആ വിഭാഗങ്ങൾ സാമ്പത്തികമായും പുരോഗമിച്ചത് പ്രവാസജീവിതം കൊണ്ട്തന്നെയാണ്.ആ മുന്നേറ്റത്തെ ചൂണ്ടിയാണ് സവർണ്ണ ലോഭികൾ അവനെ ക്രീമിലെയർ പോലുള്ള സം‍വരണ വിരുദ്ധനയങ്ങളിൽ കുടുക്കിയിടാൻ തുനിഞ്ഞിറങ്ങിയതെന്നും മനസിലാക്കുക.രാംമനോഹർ ലോഹ്യ,ജയപ്രകാശ് നാരായണൻ തുടങ്ങിയ സോഷ്യലിസ്റ്റുകളും
മേധാപട്കർ,അരുന്ധതി റോയ് ,വന്ദനാശിവ തുടങ്ങിയ അക്ടിവിസ്റ്റുകളും പി.സായ് നാഥ് (ദിഹിന്ദു),കരൺ ഥാപ്പർ, കുൽദീപ് നയ്യാർ, സർദേശായി,പ്രഫുൽബിദ്വായ് തുടങ്ങിയ പത്രപ്രവർത്തകരും
സി.പി.ഐ.എം.എൽ,സി.പി.ഐ(മാവോയിസ്റ്റ്) തുടങ്ങിയ ഇടതുപക്ഷ സംഘടനകളും,
പാർലിമെന്റേറിയൻ പാത പിന്തുടരുന്ന മുഖ്യധാരാ ഇടതുപക്ഷംവരെ ആശയങ്ങളിൽ വ്യതസ്തത
പുലർത്തുമ്പോളും നിലവിലുള്ള ഈ വ്യവസ്തിതിയിൽ സം‍വരണത്തെ തള്ളിപ്പറഞ്ഞിട്ടില്ല.എന്നു മാത്രമല്ല ഇനിയും ശക്തമായി മുന്നോട്ട് പോകണം എന്നാണ് വിലയിരുത്തിയിട്ടുള്ളത്.അപ്പോൾപുരോഗമന വാദികൾ എന്നു പറയുന്ന പ്രശ്ചന്ന മനുവാദികളാണ് വാളെടുക്കുന്നതെന്നതാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്നും തുടരുന്ന പ്രാക്രിതമായ ക്രിഷിരീതിയും അതിനു മേൽ ആധിപത്യം പുലർത്തുന്ന സാമ്രാജ്യത്ത മൂലധനവും അതിനെ സംരക്ഷിച്ചു നിർത്തുന്ന സവർണ്ണ ദലാൽ ഭരണകൂടവുമാണ് വർത്തമാനകാല ഇന്ത്യയുടെ യാഥാർത്യം.അതുതന്നെയാണ് നമ്മുടെ പ്രതിസന്ധിയെന്ന് മനസിലാക്കുക. തൊഴിലില്ലായ്മയുടേയും ദാരിദ്ര്യത്തിന്റെയും കാരണങ്ങൾ ഈ ബന്ധങ്ങളെ പരിശോദിച്ചാൽ നമുക്ക് വ്യക്തതവരും അല്ലാതെ ഈ പേരും പറഞ്ഞ് സം‍വരണക്കാരന്റെ മണ്ടക്കല്ല കയറേണ്ടത്.സം‍വരണം ക്രിത്യമായി പാലിക്കപ്പെടുന്നതോടെ ഇവിടം സോഷ്യലിസം സ്ഥാപിക്കപ്പെടുമെന്നുള്ള മൂഡസ്വർഗ്ഗമൊന്നും സം‍വരണത്തെ അനുകൂലമായി വ്യാഖ്യാനിച്ചവർക്കോ ഈയുള്ളവനോ വച്ചുപുലർത്തുന്നില്ല.ഒരിക്കൽ കൂടി വീണ്ടും ആവർത്തിക്കുന്നു.“സംവരണം എന്നത് സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ളതല്ല.സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാനുള്ള അതായത് ഈ പരിമിതമായുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ അവരെ അധികാരത്തിൽ പങ്കാളിയാക്കുള്ള ശ്രമം മാത്രം“സംവരണത്തിലൂടെ തസ്തികളുടെ കോളിറ്റി നഷ്ടപ്പെടുന്നു എന്നുള്ള ആരോപണം പൊതുവെ മനുവാദികൾ ഉന്നയിക്കാറുണ്ട് .എന്താണ് കോളിറ്റി..? ഭരണത്തെ നിയന്ത്രിക്കുന്ന പാർലമെന്റ് , ഉദ്യോഗസ്ഥ,ന്യായധിപ,പത്ര മേഖലകളിൽ ഈ കോളിറ്റിയുള്ളവർ എന്ന് കൊട്ടിഘോഷിക്കുന്ന സവർണ്ണ വിഭാങ്ങൾ തന്നെയാണ് 80%വും കയ്യടക്കി വച്ചിരിക്കുന്നത്.അവർ ഭരിച്ച് കുളമാക്കിയ രാജ്യം ഏത് ഗുണനിലവാരം വെച്ചാണ് നമ്മൾ അളക്കേണ്ടത് .ഭൂരിപക്ഷം വരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളെ ചൂഷണം ചെയ്ത് വലുതാവുന്നതും ഒരു കോളിറ്റി തന്നെയാണോ..? മെഡിക്കൽ മേഖലയിലോ മറ്റ് വിദ്യാഭ്യാസ മേഖലകളിലോ സീറ്റിലേക്ക് കടന്ന് കയറാൻ മാത്രമെ സംവരണമുള്ളൂ,അല്ലാതെ അതിന്റെ ഫൈനൽ പരീക്ഷക്ക് സംവരണകാരന് ഒരു പേപ്പറും,സംവരണമില്ലാത്തവന് മറ്റൊരു പേപ്പറും എന്ന വ്യവസ്ഥയല്ല എന്ന് കൂടി അരോപണം ഉന്നയിക്കുന്നവർ മനസിലാക്കേണ്ടതാണ് അറക്കാൻ കൊണ്ടുപോകുന്ന ഒരു അറവുമാടിന്റെ വിലപോലും സർക്കാർ മേഖലയിലെ ആരോഗ്യാലയങ്ങൾ രോഗികളോട് കാണിക്കാറില്ല, ഇത് ഏത് കോളിറ്റിയിലാണ് പെടുത്തേണ്ടത് ,കൈകൂലിയും സ്വജപക്ഷപാതവും അരങ്ങ് തകർക്കുന്ന മറ്റ് സർക്കാർ മേഖലകൾ ഏത് കോളിറ്റിയുടെ അളവുകോലുകൊണ്ട് അളക്കാം..അതോ അവിടെയെല്ലാം സം‍വരണക്കാർ വന്നപ്പോൾ സംഭവിച്ചതാണോ ഇങ്ങനെ ..? കോളിറ്റിയേകുറിച്ച് ആശങ്കപ്പെട്ടവർ ഇതിന് മറുപടി പറയേണ്ടതാണ്.

രമ്യ ചോദിക്കുന്നു ..ജാതിയിലൂടെ സം‍വരണം നേടുമ്പോൾ ജാതിഘടന പൊളിക്കാൻ കഴിയുമോ ? അത് ജാതിയെ ഉറപ്പിക്കുകയല്ലേ ചെയ്യുന്നത്..? ശരി മറുപടിപറയാം....
ജാതിഘടനയുടെ ഉറച്ച ഘടന എപ്പോഴായിരുന്നു നിലനിന്നിരുന്നത് ?വഴിനടക്കാൻ അവകാശമില്ലാത്ത തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിൽക്കുകയും അദ്ധ്വാനം പൂർണ്ണമായും അടിയാൻ സ്വഭാവത്തിൽ ജന്മിക്ക് കൈമാറിയിരുന്ന ജീർണ്ണമായ ഫ്യൂഡൽ വ്യവസ്ഥയിലാണ് ജാതിയുടെ ശക്തമായ ഘടന നിലനിന്നിരുന്നത് എന്ന് മനസിലാക്കുക.അവിടെ നിന്നും വഴിനടക്കാനുള്ള സമരത്തിലേക്ക് വളർന്നപ്പോൾ ആഘടനയിൽ മാറ്റം വരാൻ തുടങ്ങി എന്നുവച്ചാൽ പൊതുവേദിയുടെ ഭാഗമാകാനുള്ള ശ്രമം എന്ന് പറയാം വഴിനടക്കാനുള്ള അവകാശത്തിൽ നിന്നും കൂലി ക്രിത്യമായി ചോദിക്കാനും തുടങ്ങുമ്പോൾ ജാതിഘടനയിൽ വീണ്ടും മാറ്റം വരുന്നു.അതായത് ജന്മിയുമായുള്ള അകലം കുറച്ച് കൂടി കുറയുന്നു.കുറച്ചുകൂടി വ്യക്തമാക്കിപറഞ്ഞാൽ ആധിപത്യത്തിന്റെ കൈകൾക്ക് അയവ് സംഭവിക്കുമ്പോൾ ഘടനയിൽ മാറ്റം സംഭവിക്കുന്നു എന്നർത്ഥം.അതുപോലെ ഈ കാലഘട്ടത്തിൽ സർക്കാർ മേഖലയിലേക്ക് അവർ എത്തുമ്പോൾ പ്രാക്രിതമായ മുൻ അവസ്ഥയിൽ നിന്നും ആധുനികകരമായ മറ്റൊരവസ്ഥയിലേക്കെത്തുമ്പോൾ ചെറിയൊരുമാറ്റം ഘടനയിൽ സംഭവിക്കും ..രമ്യയുടെ അടുത്ത സീറ്റിൽ ഒരു പട്ടികവർഗ്ഗക്കാരി സ്ത്രീക്ക് സുരക്ഷിതമായ തൊഴിൽ പരമായി ഒരു ഇരിപ്പിടം ലഭിച്ചാൽ ആധുനികടെക്നോളജിയുടെ ഒരുമുഖം കൂടി ലഭിച്ചാൽ അവർ തിരിച്ച് കാട്ടിൽ പോയി ആ പഴയ പ്രാക്രിതമായ ഒരു ട്രൈബൽ ഘടന സ്രിഷ്ടിക്കാനാണോ ശ്രമിക്കുക അതോ അവർ ജീവിച്ച ആപ്രാക്രിതഘടന ടെക്നോപാർക്കിൽ സ്രിഷ്ടിക്കാനാണോ ശ്രമിക്കുക.പിന്നെ അടുത്ത ചോദ്യം ബയോളജിക്കൽ വാക്കായ സ്പീഷീസ് ഉപയോഗിച്ചുകൊണ്ടാണ്,പുലയൻ സ്പീഷിസും ബ്രാഹ്മണ സ്പീഷിസും ഉണ്ടോ എന്നാണ് ചോദ്യം.ഇംഗ്ലീഷിൽ സ്പീഷിസ് എന്ന വാക്ക് ഉപയോഗിക്കുന്നത് ബയോളജിക്കൽ മീനിങ് ആയിട്ടാണ് എന്നാൽ മലയാള ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ രാമലിംഗംപിള്ളയുടെ നിഘണ്ടു തന്നെ ഉപയോഗിക്കുമ്പോൾ വർഗ്ഗം, വംശം, ജാതി മുതലായ അർത്ഥങ്ങളാണ് മലയാളത്തിൽ നിന്നും നമുക്ക് കണ്ടെടുക്കാൻ കഴിയുക അതായിരിക്കും രമ്യക്ക് ഒരു കൺഫ്യൂഷൻ എന്ന് തോന്നുന്നു.ജീവശസ്ത്രപരമായി ഗുഹയിൽ കഴിഞ്ഞ മനുഷ്യനും അല്ലെങ്കിൽ അവളോ അവനോ തമ്മിലോ ആധുനികശാസ്ത്രത്തിന്റെ നെറുകയിലിരിക്കുന്ന നാസയിലെ സൈന്റിസ്റ്റും ബയോളജിക്കൽ സ്പീഷ്യസ് പ്രകാരം ഒന്ന് തന്നെയാണ്.പക്ഷെ സോഷ്യൽ സ്റ്റാറ്റസ് ഒന്നാണോ.വധശിക്ഷക്ക് വിധിക്കപ്പെട്ട് അമേരിക്കൻ ജയിലിൽ കഴിയുന്ന ബ്ലാക് പാന്തേഴ്സ് എക്റ്റിവിസ്റ്റായ മുമിയ അബുജമാലിന്റെയും വധശിക്ഷക്ക് ഒപ്പ് വച്ച പെൻസിൽ വാനിയ ഗർണ്ണറുടേയും ബയോളജിക്കൽ സ്പീഷിസ് ഒന്ന് തന്നെയാണ്.ഭഗത് സിംഹിന്റെയും സാന്റേഴ്സന്റേയും ബയോളജിക്കൽ സ്പീഷിസ് ഒന്ന് തന്നെയാണ്,ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടത്തിയ ഡയറിന്റെയും ഡയറിനെ ലണ്ടനിൽ പോയി വെടിവെച്ച് കൊന്ന ധീരനായ ഉദ്ദംസിംഹിന്റെയും സ്പീഷിസ് ഒന്ന് തന്നെ ശബരിമല തന്ത്രിയായ കണ്ടരര് മഹേശ്വരരുടേയും വയനാട്ടിലെ ആദിവാസിയുടേയും ബയോളജിക്കൽ സ്പീഷിസ് ഒന്ന് തന്നെയെന്നും പറഞ്ഞ് ആദിവാസി കണ്ടരരുടെ അരികിലേക്ക് ചെന്നാൽ എല്ലാപ്രശ്നവും തീരുമെല്ലോഅല്ലെ..ഇതിൽ സൂചിപ്പിച്ച വിഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ വളരെ വ്യക്തമാണ് ആ വൈരുദ്ധ്യങ്ങളാണ് നോക്കേണ്ടത് ആ വൈരുദ്ധ്യം എങ്ങനെ രൂപം കൊണ്ടു എന്നുള്ള ചരിത്രപരമായ ഒരു അന്വേഷണം നടത്തൂ.., അദ്ധ്വാനം എന്നുള്ള പ്രക്രിയയിലൂടേയാണ് ആധുനികനായുള്ള മനുഷ്യൻ രൂപം കൊണ്ടത്,അത് ക്രിഷിരീതിയിലേക്ക് വളർന്നപ്പോളാണ് വർഗ്ഗം എന്ന വേർതിരിവുണ്ടാകുന്നതും ക്രിഷിക്കനുയോജ്യമായ നദീ തടങ്ങൾ തന്നെയാണ് ഫ്യൂഡലിസത്തിന്റെ ശക്തമായഘടനയായി വളർന്നത്.നൈൽ നദീ സംസ്കാരം മുതൽ സിന്ധുനദി തടം വരെ അതിന്റെ ബന്ധങ്ങൾ കാണാം,താജ് മഹലിന്റെ നിർമ്മാണം മുതൽ കേരളത്തിൽ നടന്നിരുന്ന മാമങ്കം വരെ യമുന, ഭാരതപ്പുഴ നദികളുടെ തീരങ്ങളിലുണ്ടായിരുന്ന ക്രിഷിയുടെ ഉത്പാദനത്തിന്റെ പ്രൌഡിതന്നെയായിരുന്നു,ഇവിടെ ആ ഉല്പാദനമേഖലയിൽ തന്നെയാണ് ജീവശാസ്ത്രപരമായും ഒരു സ്പീഷിസിലുള്ള മനുഷ്യൻ ചൂഷകനായും ചൂഷിതനായും മാറുന്നത്,ചൂഷിതനെയും ചൂഷകനേയും വേർതിരിക്കേണ്ടത് സാമൂഹികഘടനയിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളിലൂടെയാണ്.അല്ലാതെ ജീവശാസ്ത്രപരമായി ഒരേ ഘടനയിൽ നിൽക്കുന്ന മനുഷ്യൻ എന്നുള്ള ജൈവിക ഘടന കൊണ്ടല്ല.കുടുംബം സ്വകാര്യസ്വത്ത് എന്നിവയുടെ ഉത്ഭവം എന്ന എംഗത്സിന്റെ പുസ്തകം വായിക്കുക അപ്പോൾ ഇത്തരത്തിലുള്ള സംശയങ്ങൾ അകലും അതുപോലെ തന്നെ ഹങ്കേറിയൻ ചിന്തകനായിരുന്ന ലൂകാച്ചിന്റെ റൈറ്റർ ഏന്റ് ക്രിട്ടിക്ക്,ഓൾഡ് കൾചർ ഏന്റ് ന്യൂ കൾച്ചർ തുടങ്ങിയ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക ബോധവും പാണ്ഡിത്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ എന്തെന്ന് മനസിലാക്കിയാൽ നമ്മുടെ സാമൂഹിക അസ്തിത്വമാണ് ബോധത്തെ നിർണ്ണയിക്കുന്നതെന്ന് മനസിലാക്കാൻ സഹായകമാകും..അതുപോലെ തന്നെ അംബേദ്കർ ക്രിതികളും,നാരായണ ഗുരു ,ജോതിബാബഫൂലെ,അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവർത്തനങ്ങളും,നിരീക്ഷണങ്ങളും വായിക്കാൻ ശ്രമിക്കുക കൂടാതെ പി.കെ.ബാലക്രിഷ്ണൻ,സോമശേഖരൻ,അജിത്  തുടങ്ങിയവർ വർഗ്ഗപരമായ നിലപാടിൽ നിന്ന് കൊണ്ട്തന്നെ ക്രിത്യമായി ജാതിയുടെ ബന്ധങ്ങളെ വ്യാഖ്യാനിച്ചിട്ടുണ്ട് ആ പുസ്തകങ്ങളും ഒന്ന് വായിക്കാൻ ശ്രമിക്കുക...സോറി വൻ ബിരുദങ്ങൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ നിങ്ങളോട് പത്താം ക്ലാസ് പോലും പാസാവാത്ത ഞാൻ ഒരിക്കലും പറയരുതല്ലോ അതുകൊണ്ട് തിരുത്തികൊണ്ട് പറയുന്നു നിങ്ങൾ വായിച്ചിരിക്കാം എങ്കിലും ഒരാവർത്തികൂടി വായിക്കാൻ ശ്രമിക്കുക.പിന്നെ അടുത്തതായി രമ്യയുടെ വാചകം ഇതാണ് നമ്മുടെ മനസിൽ നിന്നാണ് ജാതി പോകേണ്ടത് ..തീർച്ചയായും പക്ഷെ ആരുടെ മനസിൽ നിന്ന് എന്നൊരു മറു ചോദ്യം..?കുഴികുത്തി അതിൽ മേലാളൻ ഒഴിച്ച് കൊടുത്തിരുന്ന കഞ്ഞി ഭൂമിപകുത്തെടുക്കുന്നതിനു മുൻപ് ആർത്തിയോടെ കോരിക്കുടിച്ചിരുന്ന ഭൂതകാല കേരള ദളിത് ജീവിതത്തിലും മറ്റ് സംസ്ഥാനങ്ങളിലെ വർത്തമാകാല ദളിത് ജീവിതത്തിലും ആരാണ് മനസിൽ നിന്നും ജാതി കളയേണ്ടത് ..എനിക്ക് ജാതിയില്ലാ എന്ന് കുഴിയിൽ നിന്നും കഞ്ഞികോരിക്കുടിക്കുന്ന ദളിതൻ ഉറക്കെ പറഞ്ഞാൽ അവനെ ഉടനടി ഉത്തരേന്ത്യൻ സവർണ്ണൻ അവനെ അവന്റെ സ്വീകരണ മുറിയിലേക്കാനയിക്കുമായിരിക്കും.കേരളത്തിൽ വർഷം 2000 ത്തിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ കല്പാത്തി സം‍വരണവാർഡ് ആയപ്പോൾ അവിടത്തെ 1000 ബ്രാഹ്മണ കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചിരുന്നു..പറയൂ.. ഇതിൽ ആരാണ് ജാതി കളയേണ്ടത് ..ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പത്തനംതിട്ട ജില്ലയിൽ ദളിതനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉപയോഗിച്ചിരുന്ന കസേര ശുദ്ധികലശം നടത്തിയ സംഭവം അരങ്ങേറുകയുണ്ടായി യുക്തിബോധത്തിൽത്തന്നെ ഇതിനെക്കുറിച്ചുള്ള കുറിപ്പും വന്നിരുന്നു, ഇനി നിങ്ങൾ പറയൂ.. ഇതിൽ ആരുടെ മനസിൽ നിന്നുമാണ് ജാതി കളയേണ്ടത്.പിന്നെ മറ്റൊരു സുഹുർത്ത് പറയുന്നു ജാതി നിരോധിക്കണം എന്നാണ്. ഈ വിഭാഗക്കാരെനിരോധിക്കണം എന്ന് പറയുന്നതല്ലേ കുറച്ച് കൂടി ഭംഗി..ഗുജറാത്തിൽ കൂട്ടക്കൊല ചെയ്തപോലെ രമഭായ് കോളനിയിൽ , ലക്ഷ്മൺ പുരിയിയിൽ മധുരയിൽ,ഹരിയാനയിൽ തുടങ്ങിയസ്ഥലങ്ങളിൽ അരങ്ങേറിയ ദളിത്,ന്യൂനപക്ഷ കൂട്ടക്കൊല പോലെ ഇന്ത്യ മൊത്തം അരങ്ങേറിയാൽ തീർന്നില്ലേ ഈ സം‍വരണക്കാരുടെ ശല്ല്യം..അത്രമാത്രം വെടിയുണ്ടകൾ ഈ സവർണ്ണ ദലാൽ ഭരണ കൂടത്തിന്റെ കയ്യിൽ ഉണ്ടാകില്ല സുഹുർത്തുക്കളെ.. തിളച്ച എണ്ണയിൽ വെന്ത് വളർന്നവന്റെ വേദനക്ക് ശീൽക്കാരശബ്ദം എന്ന് പേരിടരുത്...കാരണം അവർ നിങ്ങൾ ഒഴുക്കിവിടുന്ന അഴുക്കു ചാലിൽ കണ്ണാടി നോക്കിയവരാണ്...

No comments: